ദാംബുള്ള: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക എ ടീമിനെതിരേ ഇന്ത്യ എയ്ക്ക് നാടകീയ ജയം. തോൽവിയുടെ വക്കിൽ നിന്നാണ് അവിശ്വസനീയമായ ഒരു തിരിച്ചുവരവിലൂടെ ഇന്ത്യ എട്ടു റൺസിന്റെ ആവേശകരമായ വിജയം സ്വന്തമാക്കിയത്.
അർഷാദ് ഖാൻ എറിഞ്ഞ 48-ാം ഓവറിലെ നാടകീയ രംഗങ്ങളാണ് കളി ഇന്ത്യയുടെ കൈകളിലേക്ക് എത്തിച്ചത്. ആ ഓവറിലെ വെറും നാലു പന്തുകൾക്കിടയിൽ ശ്രീലങ്കയുടെ അവസാന മൂന്നു വിക്കറ്റുകൾ പിഴുതാണ് ഇന്ത്യ വൻ വിജയം ആഘോഷിച്ചത്.
സ്കോർ: ഇന്ത്യ 277/6 ശ്രീലങ്ക 269/10 (48.5). ഇന്ത്യ ഉയർത്തിയ 278 റൺസ് വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് ലങ്കയ്ക്ക് ലഭിച്ചത്. നിരോഷൻ ഡിക്വെല്ലയും (45 പന്തിൽ 47), അവിഷ്ക ഫെരാൻഡോയും (59 പന്തിൽ 45) ഓപ്പണിംഗ് വിക്കറ്റിൽ 93 റൺസ് ചേർത്തു.
എന്നാൽ പിന്നീട് ഇരുവരെയും എട്ടു റൺസെടുത്ത നുവാനിദു ഫെരാൻഡോയേയും ലങ്കയ്ക്ക് നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച സദീര സമരവിക്രമ - സഹൻ അരാച്ചിഗെ സഖ്യം 74 പന്തിൽ നിന്ന് 78 റൺസ് ചേർത്തതോടെ മത്സരം ലങ്കയ്ക്ക് അനുകൂലമായി.
സദീര, രവിന്ദു ഫെരാൻഡോ (ഒന്ന്), ചമിക കരുണരത്നെ (ഒമ്പത്) എന്നിവരെ നഷ്ടമായ ലങ്ക 44 ഓവറിൽ ആറിന് 237 റൺസെന്ന നിലയിലായിരുന്നു. 16 പന്തിൽ നിന്ന് 23 റൺസെടുത്ത വാനുജ സഹൻ, ക്യാപ്റ്റൻ സഹൻ അരാച്ചിഗെയ്ക്ക് (74) ഉറച്ച പിന്തുണ നൽകിയതോടെ ലങ്ക വിജയത്തിന് അടുത്തെത്തിയതായിരുന്നു.
പിന്നീടാണ് അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ മത്സരത്തിന്റെ ചിത്രം തന്നെ മാറ്റിക്കളഞ്ഞത്. ഇന്ത്യയ്ക്കായി അർഷാദ് ഖാൻ, അനുകുൽ റോയ്, ആയുഷ് ബധോനി, വിപ്രജ് നിഗം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ഋതുരാജ് ഗെയ്ക്വാദിന്റെ (114 പന്തിൽ 101) സെഞ്ചുറിയുടെയും ക്യാപ്റ്റൻ തിലക് വർമയുടെ (97 പന്തിൽ 60) അർധസെഞ്ചുറിയുടെയും കരുത്തിലാണ് 277 റൺസിലെത്തിയത്.